കുന്നുകരയിൽ ഭക്ഷ്യ സംസ്കരണ പാർക്കിന് ഭരണാനുമതിയായി : മന്ത്രി പി രാജീവ്

p rajeev

എറണാകുളം : കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര ഗ്രാമ പഞ്ചായത്തിൽ 37.5 ഏക്കറിൽ ഭക്ഷ്യ സംസ്കരണ പാർക്കിന്  ഭരണാനുമതി ലഭിച്ചതായി വ്യവസായി വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ കോട്ടപ്പുറം കെ ഇ എം എച്ച് സ്കൂളിൽ നടന്ന കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സ്വകാര്യ മേഖലയിൽ ലുലു ഗ്രൂപ്പിൻ്റെ ഭക്ഷ്യ സംസ്കരണ പാർക്ക് കളമശ്ശേരി എച്ച് എം റ്റി ഭാഗത്ത് ആരംഭിക്കും. 500 കോടി രൂപ മുതൽ മുടക്കിൽ വരുന്ന സംരംഭം യാഥാർത്ഥ്യമാവുന്നതോടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും . കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ  നാടിൻ്റെ കാർഷികവൃദ്ധി  വീണ്ടെടുക്കുന്നതിൽ വിജയം കണ്ടു വരികയാണ് . പദ്ധതിയിലൂടെ ആയിരത്തിലധികം ഏക്കറിൽ നെൽകൃഷി ചെയ്യാൻ സാധിച്ചു. 

 പച്ചക്കറി കൃഷിക്കൊപ്പം ആലങ്ങാട് ശർക്കര, കൂവപ്പൊടി, മധുരക്കിഴങ്ങ് ഉപയോഗിച്ച് നിർമിക്കുന്ന സ്വീറ്റ് പൊട്ടറ്റോ പൗഡർ തുടങ്ങി നിരവധി കാർഷികോൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിഞ്ഞു. അന്നന്ന് പറിക്കുന്ന പച്ചക്കറികളും മറ്റ് കാർഷികോൽപന്നങ്ങളും  വാഹനങ്ങളിൽ വീടുകളിലേക്കെത്തിക്കുന്ന 'തോട്ടത്തിൽ നിന്ന് വീട്ടിലേക്ക്' പദ്ധതിയുടെ ആദ്യ വാഹനം ഈ ചിങ്ങമാസത്തിൽ ഓടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചടങ്ങിൽ കർഷകരെ ആദരിച്ചു. മികച്ച ജൈവ പച്ചക്കറി കർഷകയായി ഷൈജ സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു.  കെ.എം അയ്യപ്പൻ കുട്ടി, പ്രകാശൻ കള്ളിക്കാട്ടുപറമ്പിൽ എന്നിവരെ മികച്ച കർഷക തൊഴിലാളികളായി തിരഞ്ഞെടുത്തു. മികച്ച വിദ്യാർത്ഥി കർഷകർക്കുള്ള പുരസ്കാരം മുഹമ്മദ് തമീം, കെ. എം ഹിദായത്ത് എന്നിവർ നേടി. മികച്ച സമ്മിശ്ര കർഷകനായി ജോർജ്ജ് വർഗീസിനെയും മികച്ച വനിതാ സമ്മിശ്ര കർഷകയായി എ എ സുബൈദയെയും തിരഞ്ഞെടുത്തു. മികച്ച എസ് സി കർഷകക്കുള്ള പുരസ്കാരം കൊച്ചമ്മിണി ബാബു സ്വന്തമാക്കി. മികച്ച ക്ഷീര കർഷകർക്കുള്ള പുരസ്കാരം സാലസ് ജോർജ്, എസ്. പലവേശൻ എന്നിവർ കരസ്ഥമാക്കി. പി. എ ഹസൈനാർ മികച്ച മുതിർന്ന കർഷകനായി തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് അധ്യക്ഷനായി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്,  ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബൂബക്കർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ഗോപി കൃഷ്ണൻ , ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത പുരുഷൻ,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ ജയകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനി സജീവൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെൻ്റ് കാരിക്കശ്ശേരി, വൈസ് പ്രസിഡൻ്റ് എം ആർ രാധാകൃഷ്ണൻ, ആലങ്ങാട് കൃഷി ഓഫീസർ രേഷ്മ ഫ്രാൻസിസ്, അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫീസർ എ കെ സുനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 
 

Tags