പുതുക്കോട് വിവാഹസല്‍ക്കാരത്തിന് പിന്നാലെ ഭക്ഷ്യ വിഷബാധ ; 45 പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും;ആരോഗ്യവകുപ്പിന്റെ പരിശോധന
പാലക്കാട്: വടക്കഞ്ചേരി പുതുക്കോട് കഴിഞ്ഞ ദിവസം നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 45 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും, വയറിളക്കവും തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ് അനുഭവപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ പുതുക്കോട് തെരുവിലുള്ള ഒരു വിവാഹത്തിന്റെ മൈലാഞ്ചിയിടിയില്‍ കര്‍മ്മം പുതുക്കോട് എം.സി. പാലസ് ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയുംഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രിയും, ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിട്ട് 45 ഓളം പേര്‍ക്കാണ് വയറിളക്കവും മറ്റും സംഭവിച്ചിട്ടുള്ളത്. സംഭവം അറിഞ്ഞ പുതുക്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഓഡിറ്റോറിയത്തിലും കോഴി കടകളിലും സദ്യ ഒരുക്കിയ ആളിന്റെ വീട്ടിലും പ്രാഥമിക പരിശോധനകള്‍ നടത്തി. മൈലാഞ്ചിയിടീല്‍ കര്‍മ്മത്തിന് വന്നവര്‍ക്ക് നെയ്‌ച്ചോറും കാച്ചാറും വെല്‍ക്കം ഡ്രിങ്കും ആണ് നല്‍കിയത് എന്ന് പറയുന്നു. വെല്‍ക്കം ഡ്രിങ്ക് കുടിച്ചവര്‍ക്കാണ് പ്രശ്‌നം കൂടുതല്‍ ഉണ്ടായതായി പറയപ്പെടുന്നത്.
ഭക്ഷണസാമ്പിളുകളും കുടിവെള്ളസാമ്പിളുകളും ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയക്കുകയും ആരോഗ്യപ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ ഈ ഓഡിറ്റോറിയത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കിടയില്‍ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ കൂടുതലായി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കുടിവെള്ളത്തിന്റെ സ്രോതസ് മാറ്റുക, ഹാളിന് സമീപത്തെ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയതായും രേഖകളിലുണ്ട്.
അന്ന് മൈസൂരില്‍നിന്ന് എത്തിയ സംഘത്തിലെ ആളുകള്‍ക്കായിരുന്നു പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ന് വെല്‍സ് ഉണ്ടാക്കിയ ഐസു കൊണ്ടുവന്ന കടയും മറ്റും ആരോഗ്യവകുപ്പുകള്‍ പരിശോധിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. പരിശോധനാഫലവും ഔദ്യോഗിക റിപ്പോര്‍ട്ടും ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
.jpg)

