വളപട്ടണം പൊലിസ് സ്റ്റേഷനിലെ അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു : അട്ടിമറിയെന്ന് പൊലിസ്

കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷനിൽ ഗുണ്ടാ നേതാവ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ചു നശിപിച്ചുവെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.അഞ്ച് വാഹനങ്ങളാണ് ഇവിടെ നിന്നും പൂർണമായികത്തി നശിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊലിസ് വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടിയ അഞ്ച് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിന് പിന്നിൽ അട്ടിമറിയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.
അഗ്നിക്കിരയായതിൽ കണ്ണൂരിലെ പ്രമുഖ ഗുണ്ടാ നേതാവ് ചാണ്ടി ഷമീന്റെതുമുണ്ട്. കഴിഞ്ഞ ദിവസം വളപട്ടണം പൊലിസ് സ്റ്റേഷനിലെ ഒരു പൊലിസുകാരനെ കൈയ്യേറ്റം ചെയ്തതിന് ചാണ്ടി ഷമീമിനെതിരെ കേസെടുത്തിരുന്നു. പൊലിസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ചാണ്ടി ഷമീം. നേരത്തെ പൊലീസിനെ വെല്ലുവിളിക്കുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീവയ്പിന് പിന്നിൽ ചാണ്ടി ഷമീമാണെന്ന സുചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്റ്റേഷൻ പരിസരത്ത് നിർത്തിയ അഞ്ചു വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.