ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

D

വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.

ആലപ്പുഴ: ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തില്‍ അരൂരില്‍ വയോധികന്‍ ജീവനൊടുക്കിയ നിലയില്‍. മത്സ്യത്തൊഴിലാളിയായ അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.

 തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്. വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.

ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു.

രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags