സാധാരണക്കാരുടെ വയറ്റത്തടിച്ച് മീൻവില കുതിക്കുന്നു; മത്തിക്ക് 300, അയലക്ക് 240

Fish prices are soaring, hitting the stomachs of ordinary people; Sardines are 300, Mackerel 240

കൊച്ചി: സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യങ്ങളായ മത്തി, അയല എന്നിവയ്ക്ക് ദിനംപ്രതി വില വർധിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 100-150 രൂപയായിരുന്ന മത്തിക്ക് (ചാള) ഇപ്പോൾ 300 രൂപയാണ് വില. ചെറിയ മത്തിക്ക് പോലും 240-250 രൂപ നൽകണം. 160-180 രൂപയുണ്ടായിരുന്ന അയല വില 220-240 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ ഇത് 300 രൂപ വരെയെത്താമെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.

കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് വില. കൂന്തൾ 120-140, കിളിമീൻ 200-220, ചെമ്മീൻ 300 രൂപ എന്നിങ്ങനെയാണ് മറ്റ് മീനുകളുടെ നിലവിലെ നിരക്ക്. വലിയ മീനുകളുടെ കൂട്ടത്തിൽ നെയ്മീനാണ് വിലയിൽ മുന്നിൽ; കിലോയ്ക്ക് 1000 മുതൽ 1300 രൂപ വരെയായ നെയ്മീന്റെ വരവും പാതി കുറഞ്ഞിട്ടുണ്ട്. ആവോലിക്ക് 600-800 രൂപയും മോദയ്ക്ക് 700-750 രൂപയുമാണ് വിപണിയിലെ വില.

കാലാവസ്ഥാ വ്യതിയാനം കാരണം കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും പ്രജനനം ബാധിക്കപ്പെട്ടതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ, രാസവസ്തുക്കൾ കലർത്തിയ ഇതരസംസ്ഥാന മീൻ ലോറികൾ പിടികൂടിയതോടെ അതിർത്തി കടന്നെത്തുന്ന മീനുകളോടുള്ള താല്പര്യം കുറഞ്ഞതും പ്രാദേശിക മീനുകൾക്ക് ആവശ്യക്കാരേറാനും വില വർധിക്കാനും ഇടയാക്കി.

മീൻവിലയിലെ വ്യതിയാനം ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ വലിയ മീനുകളുടെ കൂട്ടത്തിൽ 'വറ്റ'യുടെ വില കുത്തനെ താഴേക്ക് പോയത് ചെറിയ ആശ്വാസത്തിന് വഴിയൊരുക്കി. 250 രൂപയുണ്ടായിരുന്ന വറ്റയ്ക്ക് ഒറ്റയടിക്ക് 100 രൂപയായി വില കുറഞ്ഞു. തിരുവനന്തപുരം മുതലപ്പൊഴിയിലുണ്ടായ ചാകരയെ തുടർന്ന് വറ്റ കഴിച്ച് ചിലർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇതിന്റെ ഡിമാന്റ് കുത്തനെ ഇടിഞ്ഞത്.

Tags