മത്സ്യ ലഭ്യതയിൽ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിൻ്റെ വർധനവ്; ഏറ്റവുമധികം തമിഴ്‌നാട്ടിൽ
കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ വൻ മത്സ്യ ലഭ്യതയെന്ന് റിപ്പോർട്ട്. പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിൻ്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാട്ടിലാണ്. 6.85 ലക്ഷം ടൺ. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി 1.68 ലക്ഷം ടൺ ആയി. സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.
.jpg)

