40കാരൻ വീണത് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ ; രക്ഷകരായി അഗ്നിശമനസേന

40-year-old man falls into 35-foot deep well; Firefighters rescue him

തിരുവല്ല : മല്ലപ്പള്ളിയിലെ ആനിക്കാട്ടിൽ 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ 40കാരനെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി. ആനിക്കാട് താന്നിമൂട്ടിൽ വീട്ടിൽ ഉമേഷിനെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അയൽവാസിയായ നെടിയമ്മാക്കൽ വീട്ടിൽ പെണ്ണമ്മയുടെ  വീടിന് പിന്നിലെ പുരയിടത്തിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറ്റിൽ ആണ് ഉമേഷ് വീണത്. 

കിണറ്റിനുള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഉമേഷ് അരയ്ക്കു താഴെ വെള്ളമുള്ള കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമന സേന നെറ്റും റോപ്പും ഉപയോഗിച്ച് ഉമേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. 

നിസ്സാര പരിക്കുകൾ ഏറ്റ ഉമേഷിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ . സതീഷ് കുമാർ, ഓഫീസർമാരായ ഷിബു, രഞ്ജിത്, നന്ദു മനോജ്‌, വിഷ്ണു, ഹരികൃഷ്ണൻ, പ്രദീപ്‌,ഗോവിന്ദ് ചന്ദ്രൻ, കെ പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ.

Tags