ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
തിരുവല്ല: കാടുമൂടിയ ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിന് രക്ഷകരായി തിരുവല്ല അഗ്നിരക്ഷാസേന. കുന്നന്താനം പാലയ്ക്കാ തകിടിയിൽ പാലമണ്ണിൽ വീട്ടിൽ തുളസീധര കൈമളിന്റെ പശുവാണ് 20 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.പുല്ല് മേയുന്നതിനായി സമീപവാസിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം. മുന്നോട്ട് നടന്നു നീങ്ങിയ പശു അബദ്ധത്തിൽ കാടുമൂടിയ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ പശുവിനെ കെട്ടിയ കയർ കാലിൽ കുരുങ്ങി വീണ് ഉടമ തുളസീധര കൈമളിന് നിസ്സാര പരിക്കേറ്റു.

ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കിണറ്റിലേക്ക് ഇറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഓഫീസർ ശരത്ത് ലാൽ റോപ്പ് ഉപയോഗിച്ച് കിണറ്റിലിറങ്ങി പശുവിന്റെ ശരീരത്തിൽ ഹോസ് ബന്ധിപ്പിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജയൻ മാത്യു, ഫയർ ഓഫീസർമാരായ അനിൽകുമാർ, ശ്രീദാസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
.jpg)

