പമ്പയാറ്റിലെ കടവിൽ തുണി കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ; തിരുവല്ലയിൽ വീട്ടമ്മയ്ക്ക് രക്ഷകനായി അഗ്നിശമനസേന ഉദ്യോഗസ്ഥൻ
പാണ്ടനാട് മിത്രക്കടവ് പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഉല്ലാസയാത്ര കഴിഞ്ഞ് കാറിൽ മടങ്ങി വരവേ ഒരു കൂട്ടം ആളുകൾ പാലത്തിൽ നിൽക്കുന്നത് ശ്രീനിവാസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കാർ നിർത്തി. അപ്പോഴാണ് പാലത്തിന് 50 മീറ്ററോളം മാറി നദിയുടെ മധ്യത്തിലെ മണൽ പുറ്റിൽ തങ്ങി നിൽക്കുന്ന സ്ത്രീയെ കണ്ടത്. വടം ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തിരുവല്ല : പമ്പയാറ്റിലെ കടവിൽ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് രക്ഷകനായി അഗ്നിശമനസേന ഉദ്യോഗസ്ഥൻ. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീകല എന്ന 50 കാരിക്കാണ് തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസറും തിരുവല്ല മലയിത്ര സ്വദേശിയുമായ കെ കെ ശ്രീനിവാസ് രക്ഷകൻ ആയത്.
പാണ്ടനാട് മിത്രക്കടവ് പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഉല്ലാസയാത്ര കഴിഞ്ഞ് കാറിൽ മടങ്ങി വരവേ ഒരു കൂട്ടം ആളുകൾ പാലത്തിൽ നിൽക്കുന്നത് ശ്രീനിവാസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കാർ നിർത്തി. അപ്പോഴാണ് പാലത്തിന് 50 മീറ്ററോളം മാറി നദിയുടെ മധ്യത്തിലെ മണൽ പുറ്റിൽ തങ്ങി നിൽക്കുന്ന സ്ത്രീയെ കണ്ടത്. വടം ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് നദിയിലെ കുത്തൊഴുക്കിൽ മറ്റൊരാൾ എറിഞ്ഞു നൽകിയ വടവുമായി 100 മീറ്ററോളം നീന്തി ശ്രീനിവാസ് ശ്രീകലയുടെ അടുത്തെത്തി. വടം ശ്രീകലയുടെ അരയിൽ ബന്ധിച്ച ശേഷം അതി സാഹസികമായി തിരികെ നീന്തി രക്ഷപ്പെടുത്തുകയായിരുന്നു. ധീര പ്രവർത്തിയിലൂടെ ഒരു ജീവൻ രക്ഷപ്പെടുത്തിയ ശ്രീനിവാസിനെ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ സഹപ്രവർത്തകർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

.jpg)