സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി

കാസർകോട് : സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും ഇതിനെ കേരളീയര്‍ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ വഴിയുള്ളു. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്‍റെ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഒരുമയെയും ഐക്യത്തെയും ഭയപ്പെടുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്. ഒരു വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുകയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണ്. ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതരത്വം, ഫെഡറലിസം എന്നിവ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിന്‍റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്‍റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്. നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്, നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍, തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. കെ ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, കയര്‍, നിയമം വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്,വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘാടകസമിതി കണ്‍വീനറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. നവീന്‍ ബാബു സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ നന്ദിയും പറഞ്ഞു.