ചലച്ചിത്രം സംവേദനത്തിനുള്ള സുപ്രധാന മാധ്യമം : എച്ച്. സലാം എം.എൽ.എ

iwff

ആലപ്പുഴ: ആശയ സംവേദനത്തിനുള്ള ഏറ്റവും പ്രധാന മാധ്യമമാണ് ചലച്ചിത്രമെന്ന് എച്ച്. സലാം എം.എൽ.എ. നാലാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള ആലപ്പുഴ കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ നേടുന്ന അറിവും വിജ്ഞാനവും വ്യത്യസ്തമായ നിലയിൽ ആശയവിനിമയം ചെയ്യുക എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നേടുന്ന അറിവുകളും വികാരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണ് മനുഷ്യ വികാസം  ശക്തമാക്കുന്നത്. ഒന്നോ ഒന്നിലധികമോ പേരുടെ ചിന്തയിൽ ഉടലെടുക്കുന്ന ആശയം സ്വതന്ത്ര സ്വഭാവത്തോടുകൂടി ആവിഷ്‌കരിക്കാൻ കഴിയാത്ത കാലമാണിത്. ആവിഷ്‌കരിച്ചാലും അത് പ്രദർശിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. അത്തരം  കാലത്താണ് 25 വനിതാ സംവിധായകരുടെ സിനിമകൾ മേളയിലൂടെ പ്രദർശിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയായി. 

wif

ഫെസ്റ്റിവൽ ബുക്ക് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പ്രകാശനം ചെയ്തു. ഡെയിലി ബുള്ളറ്റിൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വന് നൽകി പ്രകാശനം ചെയ്തു. ആദ്യ വനിത വോളണ്ടിയർ പാസിന്റെ വിതരണം നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ആദരിച്ചു. ജൂലാ ശാരംഗപാണി എഴുതിയ ശാരംഗം പാണിനീയം എന്ന പുസ്തകം പി. കെ മേദിനിക്ക് നൽകി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പ്രകാശനം ചെയ്തു. ദലീമ ജോജോ എം.എൽ.എ., ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മേളയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരായ ഇന്ദു വി.എസ്., ഗീതിക നാരംങ് അബ്ബാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജൂല ശാരംഗപാണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ ബ്ലൂ കാഫ്താൻ പ്രദർശിപ്പിച്ചു. 

Share this story