ഹാരിസണ്‍ എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി

dead

തന്റെ മരണത്തിന് ഉത്തരവാദികള്‍ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടര്‍ന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്റ്റേറ്റിലെ വനിതാ വാച്ചര്‍ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കല്‍ ബാലന്റെ മകള്‍ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്ടറിക്ക് 500 മീറ്റര്‍ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.


മൂന്ന് വര്‍ഷം മുന്‍പ് ജോലിക്കിടെ സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മഞ്ജുഷ ഫാക്ടറി കോമ്പൗണ്ടിലായിരുന്നു വാച്ചറായി ജോലി ചെയ്തിരുന്നത്. എന്നാല്‍, രോഗബാധിതയായ ഇവരെ കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യമുള്ള പുറമെയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയച്ചിരുന്നത്. കാട്ടുപന്നിയും ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ഡ്യൂട്ടിക്ക് പോകേണ്ടി വന്നത് ഇവര്‍ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ജോലിക്കിടെ മറ്റൊരു മാനേജ്മെന്റ് സ്റ്റാഫിന്റെ അനുമതിയോടെ 15 മിനിറ്റ് പുറത്തുപോയതിന് മഞ്ജുഷയുടെ ഫോണിലേക്ക് മാനേജ്മെന്റിലെ ഒരാളില്‍ നിന്ന് അസഭ്യ സന്ദേശം എത്തിയിരുന്നു. ഇതിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് മൂന്ന് സ്റ്റാഫുകള്‍ ചേര്‍ന്ന് പ്രതികാരബുദ്ധിയോടെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് ആരോപണം. മനഃപൂര്‍വം മാനസികമായി തകര്‍ക്കാനാണ് തന്നോട് കാടിന് സമീപമുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.


സംഭവ സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ജുഷയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുണ്ടായി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ പണിമുടക്കി.

Tags