സര്‍ജറി പേടിച്ച് മധ്യവയസ്കൻ ആശുപത്രി ജനല്‍ ചവിട്ടിപ്പൊട്ടിച്ച് ഓടി; രക്തം വാർന്ന നിലയിൽ കണ്ടെത്തി
സ്ത്രക്രിയ ഭയന്ന് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി മാത്യു ആശുപത്രിയുടെ ജനല്‍ച്ചില്ല് ചവിട്ടിത്തകർത്ത് ആശുപത്രിയില്‍നിന്ന് ഓടുകയായിരുന്നു.
പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്.
തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്
ശസ്ത്രക്രിയ ഭയന്ന് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി മാത്യു ആശുപത്രിയുടെ ജനല്‍ച്ചില്ല് ചവിട്ടിത്തകർത്ത് ആശുപത്രിയില്‍നിന്ന് ഓടുകയായിരുന്നു. ജനല്‍ തകർക്കുന്ന ശബ്ദംകേട്ട് ജീവനക്കാർ ഓടിയെത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. ആശുപത്രി അധികൃതരുടെ പരാതിയില്‍ പാറശ്ശാല പോലീസ് ആശുപത്രി പരിസരത്ത് പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ കുറുങ്കൂട്ടിക്കു സമീപത്തെ ഒരു വീടിന്റെ മുകളിലേക്കുള്ള പടിക്കെട്ടില്‍വെച്ചിരുന്ന വിറകുകൊള്ളികള്‍ സ്ഥാനംമാറി കിടക്കുന്നതുകണ്ട വീട്ടുകാർ ടെറസില്‍ നടത്തിയ പരിശോധനയില്‍ രക്തംവാർന്നനിലയില്‍ മാത്യുവിനെ കണ്ടെത്തി.
ഞായറാഴ്ച ക്ഷേത്രപരിസരത്തു രക്തം കണ്ടെത്തിയ സംഭവം നടന്നതിനു സമീപത്തുള്ള വീട്ടിലാണ് രക്തംവാർന്നനിലയില്‍ മാത്യുവിനെ കണ്ടെത്തിയത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി മാത്യുവിനെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍നിന്നു ചാടിപ്പോയ വ്യക്തിയാണെന്ന് കണ്ടെത്തിയത്
.jpg)

