എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണം : കെ.പി. ശശികല
കൊച്ചി: എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ലെന്നും അവർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
ക്രൈസ്തവർ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കിൽ വിട്ടുവീഴ്ചയില്ലാതെ ശക്തമായി ബിൽ നടപ്പാക്കണമെന്ന ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫാസിസമെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും രാഷ്ട്രീയത്തിൽ ബന്ധങ്ങൾ ഏകപക്ഷീയമാകരുതെന്നും കുറിപ്പിൽ പറയുന്നു. ‘FCRA നടപ്പാക്കണം. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ല. അഥവാ, മാറ്റിവെക്കുന്നെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലത്തിനനുസരിച്ച് വിട്ടുവീഴ്ചയില്ലാതെ ശക്തമായി നടപ്പാക്കണം. ഫാസിസമെന്ന് വിളിച്ചോട്ടെ. രാഷ്ട്രീയത്തിൽ ബന്ധങ്ങൾ One Way ആകരുതല്ലോ’ -ശശികല പറയുന്നു.
അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽകണ്ട് കേരളത്തിലെ ബി.ജെ.പി നേതൃത്വം കാലുപിടിച്ചതിനാലാണ് എഫ്.സി.ആർ.എ ബില്ലിൽ കേന്ദ്രസർക്കാർ തൽക്കാലം യു ടേൺ അടിച്ചതെന്നാണ് സൂചന. എന്നാൽ, ഈ പിന്മാറൽ ക്രൈസ്തവ സഭകൾ വിശ്വാസത്തിലെടുത്തിട്ടില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബില്ല് കൊണ്ടുവരുന്നത് ക്രൈസ്തവ വോട്ടുകൾ ഇല്ലാതാക്കുമെന്ന സന്ദേശം കൃത്യമായി ബി.ജെ.പി കേന്ദ്രനേതൃത്വത്തെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അറിയിച്ചിരുന്നു.
.jpg)


