എഫ്‌ സി ആർ എ നിയമത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നത് വേണ്ട ഭേദഗതികൾ മാത്രമാണ് ; കുമ്മനം രാജശേഖരൻ

kummanam about fcra

 കണ്ണൂർ : എഫ്‌സിആർഎ നിയമത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നത് വേണ്ട ഭേദഗതികൾ മാത്രമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. കണ്ണൂർ മാരാർജി ഭവനിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്ത് വിദേശഫണ്ട് എത്തിയാൽ അത് എങ്ങിനെ വിനിയോഗം ചെയ്യുന്നുവെന്നറിയാൻ നിയമമുണ്ടാക്കിയാൽ അതിൽ എന്താണ് തെറ്റ്. അത് ഒരു ഭരണകൂടത്തിന്റെ ചുമതലയാണ്. രാജ്യവിരുദ്ധ പ്രസ്ഥാനങ്ങൾ നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന വിധത്തിൽ പണം വിനിയോഗുക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് നിയമം നടപ്പാക്കിയത്. ദുർവിനിയോഗമൊഴിവാക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്.

വിദേശരാജ്യങ്ങളിൽ പീഡനമനുഭവിക്കുന്നവർ ഭാരതത്തിൽ വരുമ്പോൾ അവർക്ക് ആവശ്യമായ ജീവിത സാഹചര്യമൊരുക്കിക്കൊടുക്കണം. വേട്ടയാടപ്പെടുന്നവർ സ്വതന്ത്രമായി ജീവിക്കാൻ ഭാരതത്തിലെത്തുമ്പോൾ അവരെ നമുക്ക് കയ്യൊഴിയാൻ സാധിക്കില്ല. അതിനാണ് പൗരത്വ നിയമഭേദഗതി ബിൽ കൊണ്ടുവന്ന്ത്. എന്നാൽ ഒരു കാരണവുമില്ലാതെ കോൺഗ്രസ്സും മാർക്‌സിസ്റ്റും അതിനെയെല്ലാം എതിർക്കുകയാണ്. എഫ്‌സിആർഎ ബില്ലിനെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മദനിക്ക് വേണ്ടി ഏകകണ്ഠമായി പ്രമേയമവതരിപ്പിച്ചവരാണ് കോൺഗ്രസ്സും മാർക്‌സിസ്റ്റും. എന്നാൽ ഇനി ഏകപക്ഷീയമായ പ്രമേയം കേരളത്തിൽ സാധ്യമല്ല. കരണം കരുത്തുറ്റ മൂന്ന് എംഎൽഎമാർ കേരള നിയമസഭയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരബലിദാനിയാണ് ശ്യാമപ്രസാദ് മുഖർജി. കാശ്മീർ വേറൊരു രാജ്യമാണെന്ന ആശയഗതി വെച്ച് പുലർത്തിയവരാണ് കോൺഗ്രസ്സും സിപിഎമ്മും. പ്രത്യേക ഭരണഘടന, പ്രധാനമന്ത്രി, പതാക ഇതെല്ലാം ഒരു കാലത്ത് കാശ്മീരിനുണ്ടായിരുന്നു. വിഘടനവാദത്തിന് വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും എന്നും നിലകൊണ്ടത്. എന്നാൽ ഭാരതം ഒന്നാണെന്നും ഭാരതത്തിന് ഒരു ഭരണഘടനയാണെന്നുമുള്ള വിശാലമായ ആശയമാണ് ശ്യാമപ്രസാദ് മുഖർജി മുന്നോട്ട് വെച്ചത്. ഭാരതത്തിന്റെ ഉള്ളിൽ മറ്റൊരു രാഷ്ട്രം ആവശ്യമില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സ്വതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണം കോൺഗ്രസ്സിന് ലഭിച്ചാൽ അത് വലിയ ദുരന്തമാകുമെന്ന് ശ്യാമപ്രസാദ് മുഖർജിക്ക് മുൻകൂട്ടി കാണാൻ സാധിച്ചു. കോൺഗ്രസ്സിന് ബദൽ എന്ത് എന്ന് അദ്ദേഹം എപ്പോഴും ചിന്തിക്കാൻ കാരണമിതാണ്. നെഹ്‌റു മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നുവെങ്കിലും അസംതൃപ്തനായിരുന്നു. അതുകൊണ്ടാണ് രണ്ട് വർഷം കൊണ്ട് അദ്ദേഹം രാജിവെച്ച് പുറത്തേക്ക് വന്നത്. കോൺഗ്രസ്സിന് ബദൽ എന്ന നിലയിലാണ് ജനസംഘം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകിയത്.

ശ്യാമപ്രസാദ് മുഖർജിയുടെ ദേശസ്‌നേഹ പ്രചോദിതമായ നിലപാടുകളാണ് അദ്ദേഹത്തെ വകവരുത്താനുള്ള നീക്കത്തിന് കാരണം. അദ്ദേഹത്തിന്റെ അകാല നിര്യാണം ഇന്നും ദുരൂഹമാണ്. കാശ്മീരിന് വേണ്ടി ജീവൻ കൊടുത്ത ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള ദേശീയ വിദ്യാഭ്യാസ നയം, വ്യാവസായികമായ വളർച്ച, ഒറ്റഭാരതമെന്ന് സങ്കൽപം എല്ലാം ഇന്ന് സഫലമായിരിക്കുകയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെൽ കോഡിനേറ്റർ വി.കെ. സജീവൻ സംസാരിച്ചു. ദേശീയസമിതിയംഗം പി.കെ. വേലായുധൻ, സംസ്ഥാനസമിതിയംഗങ്ങളായ സി. നാരായണൻ, ബേബി സുനാഗർ, ആനിയമ്മ രാജേന്ദ്രൻ, എം.പി. ജോയ്, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്,  തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ സ്വാഗതവും അജികുമാർ കരിയിൽ നന്ദിയും പറഞ്ഞു.

Tags