ഓസ്ട്രിയയിൽ നിന്ന് അച്ഛനെത്തി, പേടകത്തിൽ ചോക്ലേറ്റ് വെച്ച് അന്ത്യഗാനമേകി; അമിതവേഗത്തിന്റെ ഇരയായ ദിവ മോൾക്ക് വിങ്ങലോടെ വിട നൽകി നാട്
മാനന്തവാടി: അമിതവേഗത്തിലെത്തിയ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ട ആറാം ക്ലാസുകാരി ദിവയ്ക്ക് കണ്ണീരോടെ നാട് വിട നൽകി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വയനാട് മാനന്തവാടിയിൽ നാടിനെയാകെ നൊമ്പരപ്പെടുത്തിയ അപകടം നടന്നത്. സഹോദരൻ ഡെറിക്കിന്റെ കൈപിടിച്ച് റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാർ ദിവയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഓസ്ട്രിയയിൽ ജോലിയിലായിരുന്ന പിതാവ് രാജേഷ് നാട്ടിലെത്തിയ ശേഷമാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. വീട്ടിൽ നിന്ന് വിലാപയാത്രയായി മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. മാനന്തവാടി രൂപതയിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിൽ കുർബാനയും അർപ്പിച്ചു. കരൾ പിളരുന്ന വേദനയ്ക്കുള്ളിലും മകൾക്കായി പള്ളിയിൽ അന്ത്യഗാനമാലപിച്ചത് പിതാവ് രാജേഷായിരുന്നു. വിദേശത്ത് നിന്ന് മകൾക്കായി കൊണ്ടുവന്ന ചോക്ലേറ്റ് പെട്ടികൾ മൃതദേഹം അടക്കം ചെയ്ത പേടകത്തിൽ വെച്ചപ്പോൾ, അതുവരെ ദുഃഖം കടിച്ചമർത്തി നിന്ന ബന്ധുക്കളും നാട്ടുകാരും പൊട്ടിപ്പുറപ്പെടുകയായിരുന്നു.
.jpg)


