വ്യാജ തിരിച്ചറിയല്‍ കാർഡ് വിവാദം : അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന

google news
police
ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കേസില്‍ പത്തനംതിട്ട അടൂരിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂര്‍.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് വോട്ട് ചെയ്‌തെന്നാണ് പരാതി.വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിച്ചതില്‍ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നല്‍കിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു നിര്‍ദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags