വ്യാജ തിരിച്ചറിയൽ കാർഡ് കേസ് : രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്.
മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻറെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിൻറെ പേര് പരാമർശിക്കുന്നത്. കേസിൽ നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്. വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പൊലീസിൻറെ ആദ്യത്തെ ചോദ്യം ചെയ്യലിൽ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തിൽ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിൻറെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകൾ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷന് പൊലീസ് റിപ്പോർട്ട് നൽകി. മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേർത്തിട്ടില്ല. ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത ആളുകളായ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
ലൈംഗികാരോപണ പരാതിയെ തുടർന്ന് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പാർലമെന്ററി പാർട്ടിയിൽനിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന തെരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകാതിരിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഇപ്പോഴും രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരുകയാണ്. എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മുമ്പ് വ്യക്തമാക്കിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി യുവതികൾ രംഗത്തെത്തിയത്. യുവനടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവനേതാവ് തന്നോട് മോശം രീതിയിൽ പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റിനി ഉദ്ദേശിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനെയാണെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നു. തുടർന്ന് എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റൊരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു. ഇതോടെ രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണുയർത്തിയത്.
.jpg)

