വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം: അന്വേഷണത്തിന് സൈബർ വിദഗ്ധനടക്കം എട്ടംഗ സംഘം

google news
CONGRESS

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം എട്ടംഗ സംഘം അന്വേഷിക്കും. മ്യൂസിയം എസ്.എച്ച്.ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സൈബർ പൊലീസ് അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടും.

തിരുവനന്തപുരം ഡി.സി.പി നിധിൻ രാജും കന്‍റോൺമെന്‍റ് എ.സിയും മേൽനോട്ടം വഹിക്കും. അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കും. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനാണ് അന്വേഷണ ചുമതല.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ശരിയാണെങ്കിൽ ഗൗരവതരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് ലഭിച്ച രണ്ട് പരാതികൾ അന്വേഷണത്തിന് ഡി.ജി.പിക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി മൊബൈൽ ആപ് ഉപയോഗിച്ച് വ്യാജമായി തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരിൽ വ്യാജ വോട്ടർ ഐഡി ഉണ്ടാക്കിയെന്നാണ് പരാതി.

Tags