വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു ; 17 കാരന്‍ പിടിയില്‍
തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 17കാരന്‍ പിടിയില്‍. ഡിസംബര്‍ രണ്ടിന് റെഡ് അലേര്‍ട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. തുടര്‍ന്നാണ് മലപ്പുറം സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്.
തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്‍കി. ജില്ലാ പൊലീസ് മോധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി ഉപദേശം നല്‍കി വിട്ടയച്ചു.
ഔദ്യോഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.