'വസ്തുതാപരമായ പിഴവുകള്‍ വന്നു'; പാലക്കാട് സ്‌കൂള്‍ വെടിവെപ്പ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആലത്തൂര്‍ എംഎല്‍എ

mla

ആദ്യ ദിവസത്തെ വാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തിലും അറിവിലും പ്രസംഗിച്ചത് ശരിയായില്ല എന്ന് മനസിലാക്കുന്നു.

പാലക്കാട് പരുതൂര്‍ സ്‌കൂളിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ആലത്തൂര്‍ എംഎല്‍എ ടി എം ശശി. സ്‌കൂളില്‍ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തില്‍ വസ്തുതാപരമായ പിഴവുകള്‍ ഉള്ളതായി മനസിലാക്കുന്നുവെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.


വെടിവെപ്പിനു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയില്‍ വെടിവെയ്പ്പ് നടന്ന ദിവസം വൈകുന്നേരം ചില ചാനലുകളില്‍ വന്ന ചര്‍ച്ചകളും വാര്‍ത്തകളും കണ്ടതാണ് പ്രസംഗസമയം മനസ്സില്‍ വന്നതും, പ്രസംഗത്തില്‍ സൂചിപ്പിച്ചതും. എന്നാല്‍ സഹപാഠികള്‍ക്കിടയില്‍ ആളാകുന്നതിന് വേണ്ടി ക്ലാസില്‍ കൊണ്ട് വന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് അടുത്ത ദിവസം മാധ്യമങ്ങള്‍ തലേന്ന് കൊടുത്ത വാര്‍ത്തയില്‍ നിന്ന് വ്യത്യസ്തമായി സംഭവത്തില്‍ വ്യക്തത വരുത്തിയത് തിരക്കിനിടയില്‍ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ ആദ്യ ദിവസത്തെ വാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തിലും അറിവിലും പ്രസംഗിച്ചത് ശരിയായില്ല എന്ന് മനസിലാക്കുന്നു.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും,ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉള്‍ക്കൊള്ളുന്നു. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും പിന്നിലെ വസ്തുതയില്‍ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രം പൊതുവേദിയില്‍ അവ പരാമര്‍ശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയില്‍ പുലര്‍ത്തുന്നതാണ്. സ്‌കൂള്‍ വെടിവെയ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണകള്‍ക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവ നിരുപാധികം പിന്‍വലിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

Tags