സംസ്ഥാനത്ത് അതിതീവ്ര മഴ; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

Extremely heavy rains in the state; Chief Minister assesses the situation

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയെത്തുടർന്ന്  വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വിഡി സതീശന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.11 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേര്‍ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ രവി നാരായണന്റെ ഭാര്യ സുമതി, വാഗമണില്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധു വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞുവീണ് ജോസഫിന്‍ ജോണി (24) എന്നിവരാണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Tags