സംസ്ഥാനത്ത് കടുത്ത ചൂട് തുടരും, ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് തുടരുന്നതിനൊപ്പം വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൊവ്വാഴ്ച ഉയർന്ന താപനില പാലക്കാട് (39.4) രേഖപ്പെടുത്തി. പുനലൂരിൽ 38 ഡിഗ്രിയാണ് താപനില. വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കും. കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടുതലുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വേനൽ മഴ ലഭിക്കുന്നതിനാൽ പീക്ക് സമയ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിൽ താഴെയായി. തിങ്കളാഴ്ച 5822 മെഗാവാട്ടായിരുന്നു ഉപഭോഗം. പ്രതിദിന ഉപഭോഗം 111.4243 ദശലക്ഷം യൂണിറ്റായിരുന്നു.
.jpg)

