സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക മൂന്നിടത്ത്

TEMPARATUR

ആറ് സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും ആറ് സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കഠിനമാകുന്നതിനിടെ അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്.സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ആറ് സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും ആറ് സ്റ്റേഷനുകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നല്‍കിയത്.

tRootC1469263">

പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ, കോട്ടയത്തെ ചങ്ങനാശ്ശേരിഎന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി),തൃത്താല (പാലക്കാട്),പൊന്നാനി (മലപ്പുറം)യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധർമ്മടം (കണ്ണൂർ)

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.

Tags