സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 32,385 വാഹനങ്ങൾക്ക് 1.08 കോടി രൂപ പിഴ ചുമത്തി

Extensive vehicle inspection in the state; Rs 1.08 crore fine imposed on 32,385 vehicles

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡരികുകളിലെ അനധികൃത പാർക്കിങിനെതിരെ നടത്തിയ ഏഴ് ദിവസത്തെ പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് 1.08 കോടി രൂപ പിഴ ചുമത്തി. കേരള പൊലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക ഡ്രൈവിലാണ് ഈ നടപടി.റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, അപകടങ്ങൾ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെ സെപ്റ്റംബർ 9 മുതൽ 15 വരെയാണ് പ്രത്യേക പരിശോധന നടത്തിയത്. കണ്ടെത്തിയ നിയമലംഘനങ്ങളിൽ 8,764 എണ്ണം സംസ്ഥാന പാതകളിലും, 8,441 എണ്ണം ദേശീയ പാതകളിലും, 15,180 എണ്ണം മറ്റ് റോഡുകളിലുമാണെന്ന് പൊലീസ് വ്യക്തമാക്കി. അപകടസാധ്യതയുള്ള സ്ഥലങ്ങൾ, തിരക്കേറിയ റോഡുകൾ, പ്രധാന ജംഗ്ഷനുകൾ, സർവീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്. അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുക മാത്രമല്ല, പ്രത്യേകിച്ച് ദേശീയ പാതകളിൽ, അപകടത്തിൽപ്പെട്ടവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്നതിന് കാലതാമസം വരുത്താനും ഇടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളമുള്ള ഹൈവേ പട്രോൾ യൂണിറ്റുകളോട് തുടർച്ചയായി പരിശോധനകൾ നടത്താനും, ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗം നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗം ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസിൻ്റെ നിർദേശപ്രകാരം, ട്രാഫിക് നോർത്ത്, സൗത്ത് സോൺ എസ്.പി.മാരുടെ മേൽനോട്ടത്തിലും ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി ഏകോപിപ്പിച്ചുമാണ് പരിശോധനകൾ നടത്തിയത്.

Tags