അക്കാദമിക-വ്യവസായ സമൂഹവും നയരൂപകര്‍ത്താക്കളും ചേര്‍ന്ന് സൈബര്‍ സുരക്ഷാ നയം രൂപീകരിക്കണമെന്ന് വിദഗ്ധര്‍

Experts urge academic-industry community and policymakers to work together to formulate cybersecurity policy
Experts urge academic-industry community and policymakers to work together to formulate cybersecurity policy

തിരുവനന്തപുരം: പുതുതലമുറയില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് അവബോധം വര്‍ധിപ്പിക്കണമെന്നും അക്കാദമിക-വ്യവസായ സമൂഹം, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ചേര്‍ന്ന് സൈബര്‍ സുരക്ഷാ നയം രൂപീകരിക്കണമെന്നും വിദഗ്ധര്‍. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് കൗണ്‍സില്‍ (എന്‍സിഎസ്ആര്‍സി) ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ്' 25 ലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. സൈബര്‍ സുരക്ഷയില്‍ വെല്ലുവിളി നേരിടുന്ന കാലത്ത് ജനങ്ങളില്‍ സൈബര്‍ സുരക്ഷാ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

tRootC1469263">

സൈബര്‍ സെക്യൂരിറ്റി, ഐടി മേഖലയിലെ വിദഗ്ധരെയും ഇന്നവേറ്റേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായിട്ടാണ് എന്‍സിഎസ്ആര്‍സി ഏകദിന സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ എന്‍സിഎസ്ആര്‍സി നടത്തുന്ന മൂന്ന് സംസ്ഥാനതല സമ്മേളനങ്ങളില്‍ ആദ്യത്തെതാണ് ടെക്നോപാര്‍ക്കില്‍ നടന്നത്.

സൈബര്‍ സുരക്ഷയെ കുറിച്ചുള്ള അറിവ് ഭാവിതലമുറയ്ക്ക് അനിവാര്യമാണെന്നും പത്താം ക്ലാസ് കഴിയുന്നതോടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രാഥമിക പരിശീലനം നല്‍കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

എന്‍സിഎസ്ആര്‍സി ഡയറക്ടറും ഐആര്‍ഐടിഎ വൈസ് പ്രസിഡന്‍റുമായ ഡോ. ഇ. ഖലീരാജ്, എന്‍സിഎസ്ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പ്രിന്‍സ് ജോസഫ് എന്നിവരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.

സൈബറിടം സുരക്ഷിതമാക്കുന്നതിനുള്ള അറിവ് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുണ്ടായിരിക്കണമെന്ന് സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഭാവിയില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കണം. അത് സമൂഹത്തിന് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം വ്യാപകമാണ്. വലിയ ശ്രമങ്ങള്‍ നടത്തിയിട്ടും പണം തട്ടിയെടുക്കല്‍, വ്യാജ ബോംബ് ഭീഷണികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അക്കാദമിക-വ്യവസായ സമൂഹം, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ചേര്‍ന്ന് സൈബര്‍ നയം രൂപീകരിക്കുന്നത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് കൗണ്‍സിലിന്‍റെയും ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നുള്ള പ്രതിഭകളെ തിരിച്ചറിയുകയെന്നതാണ് സമ്മേളനത്തിന്‍റെ ഭാഗമായി നടത്തുന്ന ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. ഇ. ഖലീരാജ് പറഞ്ഞു. ഹാക്കത്തോണ്‍ വിജയികള്‍ക്ക് കേസ് സ്റ്റഡിയും പരിശീലനവും നല്‍കും. സൈബര്‍ സുരക്ഷാ ഭീഷണി തടയുന്നതിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുമായും എന്‍സിഎസ്ആര്‍സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സൈബര്‍-ഫ്രീ കേരള എന്ന കാമ്പയിന്‍റെ ഭാഗമായി കേരളത്തിലെ സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ എന്‍സിഎസ്ആര്‍സി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി കേരളത്തില്‍ ഒരു സൈബര്‍ ഹബ് സൃഷ്ടിക്കുകയാണ് സമ്മേളനത്തിലൂടെ എന്‍സിഎസ്ആര്‍സി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ സമ്മേളനത്തോടനുബന്ധിച്ചുള്ള ഹാക്കത്തോണ്‍ ജൂണ്‍ 14 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്ത് (സിഇടി) നടക്കും. രണ്ടാമത്തെ സമ്മേളനം ജൂണ്‍ 20 ന് കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലും ഹാക്കത്തോണ്‍ ജൂണ്‍ 21 ന് കാലിക്കറ്റ് സര്‍വകലാശാലയിലും നടക്കും. മൂന്നാമത്തെ സമ്മേളനം ജൂലൈ 4 ന് കൊച്ചിയിലെ കുസാറ്റില്‍ ഹാക്കത്തോണിന്‍റെ സെമിഫൈനലിനൊപ്പം നടക്കും. സംസ്ഥാന സമ്മേളനങ്ങളെ തുടര്‍ന്ന് രാജ്യത്തെ ടയര്‍ വണ്‍, ടു, ത്രീ നഗരങ്ങളിലെ എല്ലാ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി എന്‍സിഎസ്ആര്‍സി ദേശീയതല സമ്മേളനം സംഘടിപ്പിക്കും.

ഹാക്കത്തോണ്‍ മത്സരങ്ങളിലെ സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. സംസ്ഥാനതല വിജയികളെല്ലാം ദേശീയതല ഹാക്കത്തോണില്‍ മത്സരിക്കും.

'ദേശീയ സുരക്ഷയില്‍ എഐയുടെയും ഡാറ്റാ എത്തിക്സിന്‍റെയും ഉത്തരവാദിത്തം' എന്ന വിഷയത്തില്‍ സംസ്ഥാന നിയമ സെക്രട്ടറി സനല്‍ കുമാര്‍ സംസാരിച്ചു. സൈബര്‍ സുരക്ഷയെന്നത് സാങ്കേതികവിദ്യയെ കുറിച്ച് മാത്രമല്ല, വിശ്വാസം, സുരക്ഷ, ഉത്തരവാദിത്തം എന്നിവ കൂടിയാണെന്ന് പറഞ്ഞു.

സൈബര്‍ ഭീഷണികളെ നേരിടാനും സുരക്ഷ പ്രോത്സാഹിപ്പിക്കാനും പരിശീലിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി രാജ്യത്തുടനീളം ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് എന്‍സിഎസ്ആര്‍സി പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. പ്രിന്‍സ് ജോസഫ് പറഞ്ഞു.

നിരവധി അവസരങ്ങളുള്ള സൈബര്‍ സുരക്ഷാ മേഖലയില്‍ ബാഹ്യ ഏജന്‍സികളുമായുള്ള സഹകരണവും പ്രധാനമാണെന്ന് കേരള ഐടി മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.

സൈബര്‍ സുരക്ഷ, സ്വകാര്യത, ഡാറ്റ സംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ് 2009 ല്‍ സ്ഥാപിതമായ എന്‍സിഎസ്ആര്‍സിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. സര്‍ക്കാര്‍, വ്യാവസായിക, സാമ്പത്തിക, സൈനിക, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങളെ ഇത് വിശകലനം ചെയ്യുകയും തടയുകയും ചെയ്യുന്നു.

Tags