പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ : വയനാട്ടിലും പരിശോധന വരുന്നു

Up to 31% ethanol in Karnataka's petrol: Public sector oil companies reject government's claim

  കൽപറ്റ: പമ്പുകളിൽ അളവിൽ കൂടുതലുള്ള എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നുള്ള സംസ്ഥാനവ്യാപക പരിശോധന വയനാട്ടിലും വരുന്നു. അടുത്ത ഘട്ടമായി ജില്ലയിലെ പമ്പുകളിലും പരിശോധന നടത്തുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. ഓരോ പമ്പിൽനിന്നും ആറ് കാൻ (ഒരു ലിറ്റർ വീതം) സാമ്പിൾ എടുക്കുകയാണ് ചെയ്യുന്നത്. എൻ.എ.ബി.എൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരമുള്ള ലാബിലേക്കാണ് പരിശോധനക്ക് അയക്കുക. 

രണ്ടെണ്ണം റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലും രണ്ടെണ്ണം സിവിൽ സപ്ലൈസ് ഓഫിസിലേക്കും രണ്ടെണ്ണം പമ്പിൽ തന്നെ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും.10 ദിവസത്തിനകം ഫലം വരുമെന്നാണ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിട്ടുള്ളത്. പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ പമ്പ് ഉടമക്കും എണ്ണക്കമ്പനിക്കുമെതിരെ കേസെടുക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

പെട്രോളിലെ എഥനോളിന്റെ അളവ് കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി തിങ്കളാഴ്ച പൊതുവിതരണ വകുപ്പ് പ്രത്യേക പരിശോധനകൾ തുടങ്ങിയിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് പരിശോധന നടന്നത്. എല്ലാ ജില്ലകളിലെയും പ്രധാനപ്പെട്ട പമ്പുകളിലാണ് പരിശോധന. ഇത്തരം പമ്പുകളുടെ വിവരങ്ങൾ രഹസ്യമാക്കിയിട്ടുണ്ട്. വയനാട്ടിലും സമാനമായി മിന്നൽ പരിശോധന നടത്തനാണ് വകുപ്പിന്റെ തീരുമാനം.

പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചാണ് പരിശോധന നടക്കുന്നത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളെ കൂടി പരിശോധനസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കർണാടക സർക്കാർ നടത്തിയ പരിശോധനകളിൽ അനുവദനീയമായ 20 ശതമാനം എഥനോളിന് പകരം പെട്രോളിൽ 30 ശതമാനം വരെ എഥനോൾ ചേർത്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി കേരളത്തിലും എഥനോളിന്റെ അളവ് പരിശോധിക്കാനുള്ള തീരുമാനമെടുത്തത്.

Tags