ഐസിസി സംവിധാനത്തിന് രഹസ്യാത്മകതയില്ല; അതിജീവിതകളുടെ മൊഴികള്‍ ആരോപണ വിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നു; ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി(ഐസിസി)ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. കമ്മിറ്റി മുമ്പാകെ അതിജീവിതകള്‍ നല്‍കുന്ന മൊഴികള്‍ ആരോപണ വിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടെന്നും ഭരണസമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും അക്കാദമി ഫെസ്റ്റിവല്‍ സെക്ഷന്‍ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ജെ ശ്രീവിദ്യ ആരോപിച്ചു.
ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്ന ഐസിസി സംവിധാനത്തിന് രഹസ്യാത്മകതയില്ലെന്നും സ്ത്രീകള്‍ നല്‍കുന്ന പരാതികളും അവര്‍ നല്‍കുന്ന മൊഴികളും ആരോപണ വിധേയര്‍ക്ക് ലഭിക്കുന്നുവെന്നുമായിരുന്നു ശ്രീവിദ്യ ആരോപിച്ചത്. തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചത് അക്കാദമി അംഗമായ കുക്കു പരമേശ്വരനാണെന്നും ശ്രീവിദ്യ ആരോപിച്ചു.
അതേസമയം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമാണ് അക്കാദമിയില്‍ നടക്കുന്നതെന്നും അക്കാദമി ട്രഷറര്‍ ശ്രീലാല്‍ തെരുവുനായ്ക്കളെ പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നതെന്നും ശ്രീവിദ്യ ആരോപിച്ചു. ഇതെല്ലം കാരണം നിവൃത്തിയില്ലാതെ ഒരുമാസം മുന്‍പാണ് രാജിവെച്ചതെന്നും ശ്രീവിദ്യ പറഞ്ഞു. മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷണനും ശ്രീവിദ്യ പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.