'തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാം; ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒളിച്ചും പാത്തും മിത്തുകളെ കാണാന്‍ പോകുന്നതെന്തിനാണന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രം വലംവെച്ച് ജീവനക്കാരെ കൊണ്ട് ആരും അറിയാതെ വഴിപാട് ചെയ്യിപ്പിച്ചത് എന്തിനാണ്? കഴിഞ്ഞ ദിവസം തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാമെന്നും ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
തിങ്കളാഴ്ച വൈകീട്ട് 5.40 നാണ് ജയരാജന്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനം വിവാദമായതോടെ വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് ഭക്തനായിമാറിയെന്നോ ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹികചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഹെ മിസ്റ്റർ ജയരാജാ, എന്തിനാ ഈ കള്ളക്കളി.
കമ്മ്യൂണിസ്റ്റ്കൾക്ക് ക്ഷേത്ര ദർശനം നിഷിധമാണന്ന് ആരും പറഞ്ഞീട്ടില്ല പക്ഷെ ഒളിച്ചും പാത്തും മിത്തുക്കളെ കാണാൻ പോകുന്നതെന്തിനാണന്നാണ് ചോദ്യം.
വർഷങ്ങൾക്ക് മുൻപ്
സന്ദേശം സിനിമയിൽ കുമാരപിള്ളയോട് സഖാവ് ശ്രീനിവാസൻ ചോദിച്ചതാണ് ഇപ്പോൾ ജയരാജനും പിണറായി അടക്കമുള്ള മുന്തിയ സഖാക്കന്മാരോട് ജനങ്ങൾ ചോദിക്കുന്നത്.
അവിചാരിതമായി ചായ കുടിക്കാനാണ് കൊടുങ്ങല്ലൂരിൽ കാർ നിർത്തിയെന്നും അപ്പോൾ വി.ടി ഇന്ദുചൂഡന്റെ പുസ്തകം ഓർമ്മിച്ച് കാവ് കാണാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയതാണന്നും തൊഴുതില്ലന്നും ഭക്തനല്ലന്നുമാണ് പി.ജയരാജിന്റെ അവകാശവാദം. എങ്കിൽ പിന്നെ അകമ്പടി സേവിക്കാൻ ദേവസ്വവും കാത്ത് നിൽക്കാൻ ക്ഷേത്ര ജീവനക്കാരേയും നേരത്തെ മുൻ കൂട്ടി തയ്യാറാക്കിയത് എന്തിന്? ക്ഷേത്രം വലംവെച്ച് ജീവനാക്കാരെ കൊണ്ട് ആരും അറിയാതെ വഴിപാട് ചെയ്യിപ്പിച്ചതും എതിന്? എന്തിനാണ് ഈ ഒളിച്ച് കളി ? കമ്മ്യൂണിസ്റ്റുകൾക്ക് ക്ഷേത്ര ആരാധനാലയങ്ങൾ നിഷിധമല്ലന്ന് പള്ളിയിൽ കൊണ്ടുപോയി കുഞ്ഞിനെ മാമോദിസ മുക്കിയ DYFI നേതാവ് ജയ്ക്കും മുൻ ആലപ്പുഴ എം.പി ആരിഫും കാണിച്ച് തന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തലയിൽ മുണ്ടിട്ട് സാക്ഷാൽ പിണറായിയുടെ മകൻ ഗുരുവായൂരിൽ ദർശനവും നടത്തിയതും എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് ഈ കളളക്കളി ? മാർക്സിസ്റ്റ് പാർട്ടി പ്ലീനത്തിൽ ഗണപതി ഹോമം വിലക്കിയത് എന്തുകൊണ്ട്?. ഗണപതി യടക്കം ഹിന്ദു ദൈവങ്ങൾ മിത്ത് ആണന്ന് പ്രഖ്യാപിച്ചത്എന്തിനായിരുന്നു. ഭഗവദ് ഗീത ചാതുർവർണ്ണ സൃഷ്ടിക്കുപായഗ്രന്ഥം എന്ന് ആക്ഷേപിച്ചത്എന്തുകൊണ്ട്? ഹിന്ദു മതദൈവങ്ങൾ മാത്രമാണൊ കമ്മ്യൂണിസ്റ്റ്കൾക്ക് ഹറാം?
മിസ്റ്റർ ജയരാജ :എല്ലാ കമ്മ്യുണിസ്റ്റുകളുടേയും അവസാന ആശ്രയം ക്ഷേത്രവും അശ്രമങ്ങളും ആണന്ന് നക്സൽബാരി മുതൽ സദാ കമ്മ്യൂണിസ്റ്റുകളുടെ വരെയുള്ളവരുടെ ചരിത്രം സൂചിപ്പിച്ച് ശ്രീ വി.ടി. ഇന്ദുചൂഡൻ എഴുതിയിട്ടുണ്ട്, എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. തൃശ്ശൂർ കൊച്ചിൻ ദേവസ്വം ബോർഡ് കോളനിയിൽ ശ്രീ ഇന്ദുചൂഡൻ താമസിക്കുന്ന കാലത്ത് ഞാൻ അദ്ദേഹത്തിന്റെ നിത്യസന്ദർശകനായിരുന്നു. ദേശാഭിമാനി പത്രാധിപരായിരുന്ന വി ടി ഇന്ദുചൂഡൻ വിപ്ളവം തലക്ക് പിടിച്ച് ഹിന്ദു മതത്തിനെതിരെ എഴുതിയതിൽ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറഞതും പഴയ എക്സ്പ്രസ്സ് പത്രത്തിൽ എഴുതിയതും ഞാൻ ഓർക്കുന്നു. കേരളത്തിലെ സൊ കോൾഡ് ആധുനിക പുരോഗമന വാദികളായ കമ്മ്യൂണിസ്റ്റുകൾ ഹിന്ദു ദേവി ദേവന്മാരുടെ പാദങ്ങളീലെത്തുമെന്ന് വിടി ഇന്ദുചൂഡൻ ഉദാഹരണങ്ങൾ അടക്കം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. പി. ജയരാജൻ വിടി ഇന്ദുചൂഡന്റെ പുസ്തകം വായിച്ച് തുടങ്ങിയത് നന്നായി. എന്തായാലും തണ്ണിമത്തൻ സ്വഭാവമാണ് കമ്മ്യുണിസ്റ്റുകളുടേത്. പുറത്ത് ഒന്ന് പറയും അകത്ത് മറ്റൊന്ന് ചെയ്യും. എന്തായാലും മിസ്റ്റർ ജയരാജ ധൈര്യമായി എല്ലാവരും കാൺകെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തു. ഞങ്ങൾ സംഘികൾക്ക് സന്തോഷമേ ഉള്ളു...
.jpg)

