ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസ് ; ഭർത്താവിൻ്റെ ജാമ്യ അപേക്ഷ തള്ളി


കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച ഷൈനിയുടെ ഭർത്താവുമായ നോബി ലൂക്കോസിന്റെ ജാമ്യ അപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പിന്നാലെ നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷൈനി മരിച്ചതിൻ്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയിൽ നോബി ഷൈനിയോട് നടത്തിയ ഫോൺ സംഭാഷണമാണ് ജീവനൊടുക്കുന്നതിന് കാരണം എന്നതാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
