പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയോ ? കേരളത്തിൽ ഇന്ന് മിന്നൽ പരിശോധന
പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ കേരളത്തിലും കർണാടകത്തിലും പരിശോധനയും നടപടികളും ശക്തമാകുന്നു. പെട്രോളിൽ 31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാഫലം വലിയ വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ന് മിന്നൽ പരിശോധന നടത്താൻ കേരള സർക്കാരും തീരുമാനിച്ചു. ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ മേഖലകളായി തിരിച്ചായിരിക്കും പരിശോധന.
എന്നാൽ ഏതൊക്കെ പമ്പുകളിലാണ് പരിശോധന നടത്തുകയെന്ന് മുൻകൂട്ടി വെളിപ്പെടുത്തില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന്റെ നേതൃത്വത്തിൽ ഓരോ പമ്പിൽനിന്നും ആറു സാമ്പിളുകൾ വീതം ശേഖരിക്കും. ഇവ സംസ്ഥാന ഫൊറൻസിക് ലാബിലും എണ്ണക്കമ്പനികളുടെ ലാബുകളിലും പരിശോധിക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. എഥനോൾ അളവ് അനുവദനീയ പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ 31.2 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിയിരുന്നു. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് കമ്പനികളുടെ വാദം. എന്നാൽ കമ്പനികൾ വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്നാണ് സ്വകാര്യ ലാബുകളിൽ പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന് കർണാടക പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി.
പരിശോധന നടത്തിയത് ഏതെങ്കിലും സ്വകാര്യ സ്ഥാപനം മാത്രമല്ല, സർക്കാരിന്റെ തീരുമാനപ്രകാരമാണെന്നും അതിനാൽ ഫലം ആധികാരികമാണെന്നുമാണ് മന്ത്രിയുടെ നിലപാട്. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ എണ്ണക്കമ്പനികൾക്ക് കൂടുതൽ മറുപടി നൽകി ആഘോഷത്തിന്റെ സന്തോഷം കെടുത്തുന്നില്ലെന്നും ആഘോഷം കഴിഞ്ഞാൽ വിശദമായ പ്രതികരണം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലും കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹനങ്ങൾ വ്യാപകമായി കേടാകുന്നുവെന്ന പരാതികളും സർക്കാർ നടപടിക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇ20 ഇന്ധനത്തിൽ 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളുമാണ് അടങ്ങിയിരിക്കുന്നത്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ ഊർജമൂല്യം കുറവായതിനാൽ ഉയർന്ന എഥനോൾ മിശ്രിതം ഉപയോഗിക്കുമ്പോൾ ഒരു ലിറ്റർ ഇന്ധനത്തിൽനിന്ന് ലഭിക്കുന്ന ഊർജത്തിന്റെ അളവ് കുറയാം. അതിനാൽ മൈലേജിലും മാറ്റമുണ്ടാകാം. എന്നാൽ അനുവദനീയമായ ഇ20 മിശ്രിതവും അതിൽക്കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനവും ഒരുപോലെ കാണാനാകില്ല. വാഹനത്തിന്റെ എൻജിൻ ഉയർന്ന എഥനോൾ സാന്ദ്രതയ്ക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിൽ ഫ്യുവൽ പമ്പ്, ഇൻജക്ടർ, ഫ്യുവൽ പൈപ്പുകൾ, സീലുകൾ, ഗാസ്കറ്റുകൾ തുടങ്ങിയ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ലോഹഭാഗങ്ങൾക്കും റബർ, പ്ലാസ്റ്റിക് ഘടകങ്ങൾക്കും എഥനോളിന്റെ സ്വാധീനത്തിൽ തകരാറുണ്ടാകാം.
എഥനോളിന് പെട്രോളിനെക്കാൾ ബാഷ്പീകരണത്തിന് കൂടുതൽ താപം ആവശ്യമാണ്. അതിനാൽ ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ തണുത്ത കാലാവസ്ഥയിൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനും സുഗമമായി പ്രവർത്തിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാം. അതേസമയം, വാഹനത്തിന്റെ മോഡൽ, എൻജിൻ രൂപകൽപ്പന, ഇന്ധനത്തിന്റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങളും പ്രശ്നങ്ങളെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച വിവാദം വാഹന ഉടമകളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കേരളത്തിലെ പരിശോധനാഫലങ്ങളും കർണാടകത്തിന്റെ തുടർവെളിപ്പെടുത്തലുകളും പുറത്തുവരുന്നതോടെ ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
.jpg)

