എരുമേലിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

google news
buffello

കോട്ടയം : എരുമേലിയിൽ രണ്ടു പേരുടെ മരണത്തിന് വഴിവെച്ച അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. എ.ഡി.എം, സി.എഫ്.ഒ, എം.പി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്.

ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു. താൽകാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

എരുമേലി കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസിന് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.

Tags