എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിൽ മൃതദേഹം വെച്ചുള്ള വിലപേശലിൽനിന്ന് പിന്മാറണം : മന്ത്രി എ.കെ. ശശീന്ദ്രൻ

google news
തൃശ്ശൂരിലെ മലയോര മേഖലകളിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തും : മന്ത്രി എ കെ ശശീന്ദ്രൻ

കോട്ടയം : എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിൽ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മൃതദേഹം വെച്ചുള്ള വിലപേശലിൽ നിന്ന് പ്രതിഷേധക്കാർ പിന്മാറണമെന്നും കെ.സി.ബി.സിയുടെ പ്രതികരണം പ്രകോപനപരമാണെന്നും മന്ത്രി പറഞ്ഞു.

മരിച്ചവരുടെ വേദനയിൽ കഴിയുന്ന കുടുംബാംഗങ്ങളെയും മൃതദേഹത്തെയും അവഹേളിക്കുന്ന വിധത്തിലെ ക്രൂരമായ നിലപാടാണ് ചിലയാളുകളും സംഘടനകളും സ്വീകരിച്ചിട്ടുള്ളത്. കാട്ടുപോത്ത് കാണിച്ച ക്രൂരത പോലെ തന്നെ മറ്റൊരു ക്രൂരതയാണ് മൃതദേഹവുമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന സമരങ്ങളെന്നും മന്ത്രി കുറ്റപ്പെടുത്തി.

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ എരുമേലി കണമലയിൽ പുറത്തേൽ ജേക്കബ് തോമസ് (ചാക്കോച്ചൻ -69), അയൽവാസി പ്ലാവനാക്കുഴി തോമസ് ആൻറണി (തോമാച്ചൻ -62) എന്നിവരാണ് മരിച്ചത്. ഇതേതുടർന്ന് വൻ പ്രതിഷേധവുമായി സംഘടിച്ച നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. റോ​ഡ് ഉ​പ​രോ​ധി​ച്ചതിന് 45ഓളം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

വീട്ടുമുറ്റത്തിരിക്കവെയാണ് കർഷകനായ ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. വയറിന് കുത്തേറ്റ ഇദ്ദേഹം നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണ് തോമസിന് കുത്തേറ്റത്. തോമസിനെ വെട്ടിയശേഷം ചാക്കോച്ചന്‍റെ വീടിന് സമീപത്തേക്ക് ഓടിയെത്തിയതാണ് പോത്തെങ്കിലും തോമസിനെ ആക്രമിച്ചത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വയറിന് കുത്തേറ്റ തോമസ് സഹോദരനെ ഫോൺ വിളിച്ച് രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. സഹോദരനും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 10.30 ഓടെ മരിച്ചു.

Tags