പിഴവുകളും കോപ്പിയടി ആരോപണവും ; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

chintha

 തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധം ഇനി പ്രത്യേക പരിശോധനയ്ക്ക്. കേരള സർവകലാശാലയാണ് പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദമായത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്ത കവിതയായ ‘വാഴക്കുല’ മറ്റൊരു കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ രേഖപ്പെടുത്തിയെന്നാണ് പരാതി. വൈലോപ്പിള്ളി എന്നതിന് പകരം ‘വൈലോപ്പള്ളി’ എന്നും എഴുതിയിട്ടുണ്ട്.

ഇതിനുപുറമെ, ബോധി കോമൺസ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇതോടെയാണ് പ്രബന്ധത്തിന്റെ ഉള്ളടക്കവും തയ്യാറാക്കിയ രീതിയും പരിശോധിക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം, ചിന്താ ജെറോമിന്റെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും കേരള സർവകലാശാല സിൻഡിക്കേറ്റിൽ ഉയർന്നു.

എന്നാൽ സസ്പെൻഷൻ ആവശ്യത്തോട് എൽ.ഡി.എഫ്. അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു. പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഉൾപ്പെടെ പ്രബന്ധം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. പ്രത്യേക സമിതിയുടെ പരിശോധനാ റിപ്പോർട്ട് ഈ വിവാദത്തിൽ നിർണായകമാകും.

Tags