എറണാകുളം - ബെംഗളൂരു വന്ദേ ഭാരതിന്റെ കോച്ചുകള്‍ ഇരട്ടിയായേക്കും, തീരുമാനം ഉടന്‍

18-year-old arrested for throwing stones at Vande Bharat Express train

സര്‍വീസ് ആരംഭിച്ച് ഏഴുമാസത്തിന് ശേഷമാണ് എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായേക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കോച്ചുകളുടെ എണ്ണം എട്ടില്‍നിന്ന് 16 ആയി ഉയര്‍ത്തിയേക്കുമെന്ന് സൂചന. ഹൈബി ഈഡന്‍ എംപി ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതുസംബന്ധിച്ചു സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ തീരുമാനം ഉടന്‍ പ്രതീക്ഷിക്കാമെന്നും എംപി കഴിഞ്ഞ ദിവസം അറിയിച്ചു.

സര്‍വീസ് ആരംഭിച്ച് ഏഴുമാസത്തിന് ശേഷമാണ് എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓട്ടം തുടങ്ങിയതോടെ ആണ് ബെംഗളൂരുവിലേക്കും വന്ദേ ഭാരത് ആരംഭിക്കണമെന്ന ശക്തമായ ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം എറണാകുളം - ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11 മുതല്‍ സര്‍വീസ് ആരംഭിച്ച ട്രെയിന്‍, ബെംഗളൂരു മലയാളികള്‍ക്കടക്കം വലിയ ആശ്വാസമാണ്. എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് 2:20ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11 മണിക്ക് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം. തൃശൂര്‍, പാലക്കാട് ജങ്ഷന്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, കെആര്‍ പുരം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. ചെയര്‍ കാറിന് 1630 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2995 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവില്‍നിന്ന് പുലര്‍ച്ചെ 5:10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1:50ന് എറണാകുളത്ത് എത്തിച്ചേരും.

Tags