എറണാകുളത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി അപകടം ; ഒരാൾ മരിച്ചു
കുമ്പളം (എറണാകുളം): ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു. മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാൾ മരിച്ചതായാണ് വിവരം.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആരിഫ. ഭാര്യ: സൂരിജ.
മക്കൾ: അൽഫിയ,ആദില, ആസിഫ്. ഇതേ സ്ഥലത്ത് വ്യാഴാഴ്ച വൈകീട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കാറോടിച്ചിരുന്ന തൃശൂർ വയലത്തൂർ കാളിയത്ത് വീട്ടിൽ മുഹമ്മദ് നിസാം (24), ഇതര സംസ്ഥാന തൊഴിലാളികളായ സൻജിബ് ഹർദിക് (30), നബാസ് സൗൾ (30), റാസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ നെട്ടൂരിലെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച നബാസ് സൗളിന്റെ നില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെ കുമ്പളം ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. കളമശ്ശേരിയിലെ സ്വകാര്യ ക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച ഒമ്നി വാൻ ആണ് അപകടത്തിൽപെട്ടത്. അരൂർ ഭാഗത്തുനിന്നും കളമശ്ശേരിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
.jpg)

