'പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം, പാർട്ടി കമ്മിറ്റികളിൽ ഞാനും വിമർശിക്കാറുണ്ട് ' : ഇ പി ജയരാജൻ

SIR polling percentage increased: LDF will continue to rule, says EP Jayarajan

 തിരുവനന്തപുരം: പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണമെന്ന് സിപിഐഎം മുതിർന്ന നേതാവ് ഇപി ജയരാജൻ. പാർട്ടി കമ്മിറ്റികളിൽ താനടക്കം അദ്ദേഹത്തെ വിമർശിക്കാറുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. എന്നാൽ അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയാറില്ലെന്നും അത് പാർട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാർട്ടിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പിണറായി വിജയനെ വിമർശിക്കുന്നതിന് പാർട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇ പി ജയരാജന്റെ മറുപടി.

'ഞങ്ങൾ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമർശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാർട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങൾക്ക് പറയേണ്ടത് പാർട്ടിയിൽ പറയും. അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ആലോചിക്കും. എല്ലാവരെയും പാർട്ടിയിൽ വിമർശിക്കും, സ്വയം വിമർശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവർത്തിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി', ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും ഇ പി ജയരാജൻ ഉന്നയിച്ചു. കാര്യശേഷിയില്ലാത്ത ഒരു സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരം മന്ത്രിമാരെ സംബന്ധിച്ച് കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ല. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിലവിലെ സർക്കാരിന് കഴിയുന്നില്ല. പത്തു കൊല്ലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ല. കേരളം ഇരുട്ടിലേക്ക് പോകരുതെന്ന നിലപാടിൽ എവിടുന്നൊക്കെ കിട്ടാമോ അവിടുന്നെല്ലാം വൈദ്യുതി മുൻ സർക്കാർ വാങ്ങി. എന്നാലിപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കാനാണ് മന്ത്രി പറയുന്നത്. വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ആരംഭമാണ് നടക്കുന്നതെന്നും ഇത് കേരളം ക്ഷമിക്കുമെന്ന് കരുതരുതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

കെ സുധാകരനെതിരെയും ഇ പി ജയരാജൻ സംസാരിച്ചു. കോൺഗ്രസ് പാർട്ടിയുടെ ആരാണ് സുധാകരനെന്ന് അദ്ദേഹം ചോദിച്ചു. തന്നെ വെടിവെച്ചിട്ടില്ലെന്ന് പറഞ്ഞയാളാണ് സുധാകരൻ. അയാൾ പറയുന്നത് തള്ളിക്കളയണം. സുധാകരൻ സുധാകരനെ തന്നെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഇ പി ജയരാജൻ പരിഹസിച്ചു.

Tags