നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പെരുമാറുന്നത് സാമാന്യമര്യാദയില്ലാതെ: ഇ.പി ജയരാജന്‍

 EP Jayarajan

 കണ്ണൂര്‍: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിനെ കുറ്റപ്പെടുത്തികൊണ്ടു  എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തി. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സഹിക്കാതെ, നിയമസഭയെ അടക്കം അക്രമത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്  ഇ പി ജയരാജന്‍  കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

 പ്രതിപക്ഷനേതാവ് ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രതിപക്ഷനേതാവാകണം.അക്രമങ്ങളുടെ നേതാവാകരുത്. ആസൂത്രിതമായാണ് പ്രതിപക്ഷം തുടര്‍ച്ചയായി നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇത്തരം സാഹചര്യം പ്രതിപക്ഷം ഉപേക്ഷിക്കണം. നിയമസഭ തുടങ്ങിയതുമുതല്‍ ആസൂത്രിതമായ അലങ്കോല പ്രവര്‍ത്തനമാണ് നടക്കുന്നത്. സാധാരണ നിയമസഭക്കകത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കാം.

എന്നാല്‍ ഒരു പ്രശ്നവുമില്ലാതെ പ്രതിപക്ഷനേതാവ് ആളാവാനാണ് തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അടിയന്തിര പ്രമേയം നിഷേധിച്ചാല്‍ വാക്കൗട്ട്, പിന്നെ പത്രസമ്മേളനം, ബഹളം എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ . പ്രതിപക്ഷനേതാവ് സാമാന്യ മര്യാദ ഇല്ലാതെ പെരുമാറുകയാണ്.

അടിയന്തര പ്രമേയത്തില്‍ ഒരു വിഷയത്തില്‍ ഒന്നിലധികം പ്രമേയങ്ങള്‍ പാടില്ല .വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന വേദിയായി നിയമസഭയെ മാറ്റുകയാണ്. അടിയന്തിരപ്രമേയം ജനകീയപ്രശ്നങ്ങള്‍ കൊണ്ടുവരാന്‍ ഉള്ളതാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ആരോപണങ്ങള്‍ അടിയന്തര പ്രമേയത്തില്‍ ഉന്നയിക്കരുത്. തുടര്‍ച്ചയായി നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നത്.

നിയമസഭയില്‍ കൊണ്ടു വരാന്‍ പാടില്ലാത്ത ഭക്ഷണം, ടേപ്പ് റെക്കോര്‍ഡര്‍ തുടങ്ങിയവ കൊണ്ടുവരുന്നു.പ്രതിപക്ഷം വികസനപ്രവര്‍ത്തനങ്ങളെ നശീകരണ പ്രവണതയോടെയാണ് കാണുന്നതെന്നും പ്രതിപക്ഷം  കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാന്നെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Share this story