പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണം: മന്ത്രി കെ എ തുളസി
പാലക്കാട് : പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള ജില്ലയിൽ കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങൾ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രകൃതി സംരക്ഷണത്തിന് അതീവപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. വിദ്യാർഥികളുടെ ഓരോ വാക്കും പ്രവൃത്തിയും പ്രകൃതിക്ക് താങ്ങും തണലുമാകാൻ ശ്രദ്ധിക്കണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രകൃതിപരിപാലനം പോലുള്ള പ്രവർത്തനങ്ങൾ സഹായിക്കുമെന്നും മന്ത്രി വിദ്യാർഥികളെ ഓർമിപ്പിച്ചു.
വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'പ്രകൃതിയിൽ നിന്ന് പ്രചോദനം - കാലാവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ഭാവിക്കു വേണ്ടി' എന്നാണ് ഈ വർഷത്തെ പ്രമേയം. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് മന്ത്രി വൃക്ഷതൈകൾ നട്ടു.
ഫോറസ്ട്രി ക്ലബ വിദ്യാർഥികൾക്കായുള്ള 'ഗ്രീൻ ബയിങ്'(green buying) പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു. വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ തുണി സഞ്ചികളുടെ വിതരണോദ്ഘാടനവും കരിമ്പ സ്‌കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു വിന് മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോയ്, ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ, ജി എച്ച് എസ് പ്രധാന അധ്യാപകൻ എം ജമീർ, പി ടി എ പ്രസിഡന്റ് കെ. പി രാധാകൃഷ്ണൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുമു സ്‌കറിയ, മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി ജിനേഷ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

