എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന; മൂന്ന് കഫേകൾക്കെതിരെ കേസ്
കൊച്ചി: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന വൻ കൊള്ളയ്‌ക്കെതിരെ എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. മൂന്ന് കഫേകൾക്കെതിരെ നിയമപരമായ കേസുകൾ രജിസ്റ്റർ ചെയ്തു.ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് തുടങ്ങിയ പ്രമുഖ മൾട്ടിപ്ലക്സ് തിയേറ്ററുകളിലും മറ്റ് പ്രധാന തിയേറ്ററുകളിലുമായിരുന്നു പരിശോധന. രാവിലെ 11 മണിക്ക് ആരംഭിച്ച സംയുക്ത റെയ്ഡ് വൈകിട്ട് നാലുമണി വരെ നീണ്ടുനിന്നു.
തിയേറ്ററുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ വ്യാപക പരാതി പൂർണ്ണമായും ശരിവെക്കുന്നതായിരുന്നു പരിശോധനാ സംഘത്തിന്റെ കണ്ടെത്തലുകൾ. മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വരെയാണ് ഈടാക്കുന്നത്. സാധാരണ സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ ഇത് രണ്ടിരട്ടിയോളമാണ്. വിലവിവരപ്പട്ടിക സാധാരണക്കാർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാതിരിക്കുക, അളവിൽ കുറവു വരുത്തി വിൽക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മൂന്ന് കഫേകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് എടുത്തത്.
.jpg)

