സംഘപരിവാർ പ്രതിഷേധങ്ങൾക്കിടെ ‘എമ്പുരാൻ’ കണ്ട് മുഖ്യമന്ത്രിയും കുടുംബവും


തിരുവനന്തപുരം: സംഘപരിവാർ പ്രതിഷേധത്തിനിടെയിലും ‘എമ്പുരാൻ’ സിനിമ കണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ഇന്നലെ രാത്രി എട്ടിന് തിരുവനന്തപുരം ലുലു മാളിലെ തീയേറ്ററിലാണ് സിനിമ കണ്ടത്.
സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽ നിന്ന് പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇന്നും നാളെയും അവധിയായതിനാൽ പുതിയ പതിപ്പ് ചൊവ്വാഴ്ച സെൻസർ ബോർഡിന് നൽകുമെന്നാണ് വിവരം. തുടർന്ന് ബുധനാഴ്ചയോടെ തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.
സ്ത്രീകൾക്കെതിരായ അക്രമവും ചില കലാപ രംഗങ്ങളും എൻഐഎയുടെ ബോർഡുള്ള കാറിന്റെ ദൃശ്യവുമാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് വിവരം. എഡിറ്റ് ചെയ്തു നീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വില്ലന്റെ പേര് മാറ്റുമെന്ന് പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. സിനിമക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ഇപ്പോഴും തുടരുന്നുണ്ട്. റീ എഡിറ്റിന് മുന്നേ സിനിമ കാണുവാനുള്ള തിരക്കിലാണ് സിനിമ പ്രേമികൾ.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ ലോകവ്യാപകമായി തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം സിനിമയ്ക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ ഇന്ന് ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.