തൊഴിലുറപ്പ് നിയമത്തിലെ അട്ടിമറി: പാർലമെന്റിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും; മുന്നണി പ്രവേശനത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല - കെ.സി. വേണുഗോപാൽ എം.പി
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഈ മാസം 28-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, തൊഴിലുറപ്പ് നിയമം അട്ടിമറിച്ചുകൊണ്ടുള്ള പുതിയ ബിൽ പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">തൊഴിലുറപ്പ് നിയമത്തിലെ മാറ്റങ്ങൾക്കെതിരെ കെ.പി.സി.സി സംഘടിപ്പിച്ച രാപ്പകൽ സമരം കേരളം കണ്ട ഐതിഹാസികമായ തൊഴിലാളി മുന്നേറ്റമാണ്. ഇത് കേവലം ഒരു പാർട്ടിയുടെ സമരം എന്നതിലുപരി, കേന്ദ്ര സർക്കാർ നടപടിയിൽ രോഷാകുലരായ തൊഴിലാളികൾ ഏറ്റെടുത്ത ജനകീയ സമരമായി മാറി. ദേശീയതലത്തിൽ കോൺഗ്രസ് നടത്തുന്ന 40 ദിവസത്തെ പ്രക്ഷോഭങ്ങൾക്ക് കേരളത്തിലെ സമരം വലിയ ഊർജ്ജമാണ് നൽകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ഗംഭീരമായി സമരം സംഘടിപ്പിച്ച കെ.പി.സി.സിയെയും ഡി.സി.സികളെയും അദ്ദേഹം അഭിനന്ദിച്ചു.
യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. നിലവിൽ ആരുമായും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കാൻ താല്പര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി അത് ചർച്ച ചെയ്ത് തീരുമാനമെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല വികാരം പ്രകടമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും, അമിത ആത്മവിശ്വാസമില്ലാതെ ഓരോ വോട്ടിനും വേണ്ടി പോരാടാനാണ് പ്രവർത്തകർക്കുള്ള നിർദ്ദേശം. - കെസി വേണുഗോപാൽ പറഞ്ഞു.
.jpg)


