ജീവനക്കാരന്‍റെ ഭാര്യക്കും എസ്​.എഫ്​.ഐക്കാർക്കും ജോലി ; പരീക്ഷക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ എസ്​.ഐ.ടി രണ്ട്​ കേസ് കൂടി രജിസ്റ്റർ ചെയ്തു

psc

 തിരുവനന്തപുരം: ​പി.എസ്​.സി ജീവനക്കാരന്‍റെ ഭാര്യക്കും എസ്​.എഫ്​.ഐക്കാർക്കും ജോലി ലഭിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്​ പരീക്ഷക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ ക്രൈംബ്രാഞ്ച്​ എസ്​.ഐ.ടി രണ്ട്​ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആസൂത്രണ ബോർഡ്​ പരീക്ഷയിൽ ക്രമക്കേട്​ വ്യക്തമായതി​ന്​ പിന്നാലെയാണിത്​. യോഗ്യതയില്ലാത്തവരെയും എസ്.എഫ്.ഐ പ്രവർത്തകരെയും നിയമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്​ ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷകളുമായി ബന്ധപ്പെട്ട്​​ കേസുകൾ രജിസ്റ്റർ ചെയ്തത്​.

പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം സംശയിക്കുന്നു​. മോട്ടോർ വാഹനവകുപ്പിലെ എ.എം.വി.ഐ നിയമനത്തിലും ക്രമക്കേട്​ നടന്നെന്നും എസ്​.ഐ.ടി കരുതുന്നു​. പി.എസ്​.സി കോച്ചിങ്​ സെന്‍ററുകളുടെ ഇടപെടൽ ഉൾപ്പെടെ സംശയിക്കുന്ന വിഷയത്തിൽ കൂടുതൽ പരിശോധന നടത്തിയശേഷം കേസ്​ രജിസ്റ്റർ ചെയ്യുമെന്ന്​ എസ്​.ഐ.ടി വൃത്തങ്ങൾ പറഞ്ഞു.

​ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിൽ രണ്ടു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യതയുള്ള സ്ഥാനത്ത് അന്യസംസ്ഥാനത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള 15 ദിവസത്തെ കോഴ്സ് മാത്രം പൂർത്തിയാക്കിയ രേഖയുടെ അടിസ്ഥാനത്തിൽ പി.എസ്​.സിയിലെ ഒരു ജീവനക്കാരന്‍റെ ഭാര്യക്ക്​ നിയമനം നൽകുകയായിരുന്നെന്ന്​ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

​ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ റാങ്ക് പട്ടികയിലെ ആദ്യ 110 പേരിൽ 93 പേരും ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ പ്രവർത്തകരോ ആഭിമുഖ്യമുള്ളവരോ ആണെന്നും കണ്ടെത്തി​. സർവകലാശാലയിലെ അധ്യാപകർ തയാറാക്കിയ ചോദ്യപേപ്പറിൽ സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും ചോദ്യപേപ്പർ ചോർച്ചയിലേക്കാണ് അന്വേഷണസംഘം വിരൽ ചൂണ്ടുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ്​ രണ്ട്​ പരീക്ഷകളിലും എസ്​.ഐ.ടി എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്​. കേസുകളിൽ നിലവിൽ ആരെയും പ്രതിയാക്കിയിട്ടില്ല. ഒരു പ്രമുഖ പി.എസ്​.സി കോച്ചിങ്​ സെന്‍റർ തയാറാക്കിയ ചോദ്യപേപ്പർ അതുപോലെ ഉപയോഗിച്ചാണ്​ എ.എം.വി.ഐ പരീക്ഷ നടത്തിയതെന്ന കണ്ടെത്തലും എസ്​.ഐ.ടി നടത്തി​. പി.എസ്​.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലക്കാണ്​ കാര്യങ്ങൾ. 

Tags