ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്ത് പത്താം തീയതി വരെ തുറന്നുപ്രവര്‍ത്തിക്കും

Employees can enter the office; Coro Health will remain open until the 10th

കൊച്ചി: ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്ത് പത്താം തീയതി വരെ തുറന്നുപ്രവര്‍ത്തിക്കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ 700ലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടരുന്നതിനിടെ, കമ്പനി പ്രതിനിധിയുമായി ലേബര്‍ കമ്മീഷണറും തൃക്കാക്കര എംഎല്‍എ ഉമാ തോമസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചത്. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാവും.

കമ്പനിയുടെ ലീഗല്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതായി ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി ഇന്നുമുതല്‍ തന്നെ ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കും. വര്‍ക്കില്ലെങ്കിലും ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കമ്പനി സമ്മതിച്ചിട്ടുണ്ട്. ഡൈനിങ്, വാഷ്‌റൂം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാക്കും. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് അറിയിച്ചു.

പത്താംതീയതി മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്പനിക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. ഇപ്പോള്‍ നിയമനടപടി സ്വീകരിക്കുന്നില്ല. പത്താംതീയതിയിലെ മീറ്റിങ്ങില്‍ ജീവനക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ കാത്തിരിക്കും. പത്താംതീയതിയിലെ മീറ്റിങ്ങില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Tags