കൂലി സംബന്ധിച്ച തർക്കം ; കൊല്ലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ ജീവനക്കാരൻ പിടിയിൽ

Employee arrested for stabbing hotel owner to death in Kollam over wage dispute

 കൊല്ലം : ചടയമംഗലത്തെ ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജീവനക്കാരൻ ഇർഷാദ് പിടിയിലായി. മലപ്പുറം സ്വദേശിയായ ഇർഷാദിനെ മണ്ണന്തലയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂലി സംബന്ധിച്ച തർക്കമാണ് ദാരുണമായ ഈ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

സക്കീറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കലിലെ ഹോട്ടലിൽ ഇർഷാദ് നേരത്തെ ജോലി ചെയ്തിരുന്നു. അന്ന് കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇയാൾ നാട്ടിലേക്ക് മടങ്ങിയിരുന്നുവെങ്കിലും ഒരു മാസം മുൻപ് തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു സക്കീർ. ഈ സമയം ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ വെച്ച് ഇർഷാദ് സക്കീറിനെ കുത്തിവീഴ്ത്തുകയായിരുന്നു.

കൃത്യത്തിന് ശേഷം നാട്ടിൽ അടിയന്തരമായി പോകണമെന്ന് സഹപ്രവർത്തകനെ വിശ്വസിപ്പിച്ചാണ് ഇർഷാദ് ബസ് സ്റ്റാൻഡിലെത്തിയത്. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചടയമംഗലം പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags