മലപ്പുറത്ത് കുട്ടികളെ ആക്രമിച്ച പരുന്തിനെ പിടികൂടി എമർജൻസി റെസ്ക്യൂ ഫോഴ്സ്

നിലമ്പൂർ: കുട്ടികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പരുന്തിനെ എമർജൻസി റെസ്ക്യൂ ഫോഴ്സ് പിടികൂടി വനം വകുപ്പിന് കൈമാറി. മമ്പാട് മേപ്പാടം സ്വദേശി ഡോ. അബു ഇഷ്ഹാക്കിന്റെ മക്കളായ ഫൈസാൻ അഹമദിനും (11) ഫിദിയാൻ അഹമദിനും (നാല്) നേരെയാണ് വ്യാഴാഴ്ച രാവിലെ പരുന്തിന്റെ ആക്രമണം ഉണ്ടായത്. നഖം തട്ടി ഫിദിയാന്റെ പുറത്ത് ചെറിയ മുറിവ് ഉണ്ടായി.
ബുധനാഴ്ചയാണ് ഫൈസാന്‍ നേരെ ആക്രമണം ഉണ്ടായതെങ്കിൽ വ്യാഴാഴ്ചയാണ് ഫിദിയാനെ ആക്രമിച്ചത്. ഫൈസാന്റെ തലയിൽ പരുന്തിന്റെ കാൽ തട്ടിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങളായി രണ്ട് കുട്ടികളും വീടിന് പുറത്തിറങ്ങിയാൽ പരുന്ത് വട്ടമിട്ട് പറന്ന് പുറകെക്കൂടുന്നുണ്ടായിരുന്നു.
അതിനാൽ കൈയിൽ വടിയുമായിട്ടാണ് കുട്ടികൾ പുറത്തിറങ്ങിയിരുന്നത്. ഇതോടെയാണ് വീട്ടുകാർ സഹായത്തിനായി എമർജൻസി റെസ്ക്യൂ ഫോഴ്സിനെ സമീപിച്ചത്. ഇ.ആർ.എഫ് അംഗം ഷഹബാൻ മമ്പാട് ഇവരുടെ വീട്ടിലെത്തി പരുന്തിന് ഭക്ഷണം കാണിച്ച് വിളിച്ചുവരുത്തി സാഹസികമായി പിടികൂടുകയായിരുന്നു. പിന്നീട് പരുന്തിനെ വനം ആർ.ആർ.ടിക്ക് കൈമാറി.