പാലക്കാട് കഞ്ചിക്കോട് മേഖലയിൽ ഭീതി വിതച്ച ഒറ്റയാനെ വനത്തിലേക്ക് തുരത്തി

A lone elephant that spread terror in the Kanchikode area of ​​Palakkad was chased into the forest.
A lone elephant that spread terror in the Kanchikode area of ​​Palakkad was chased into the forest.


പാലക്കാട്: ആഴ്ചകളായി കഞ്ചിക്കോട് മേഖലയിൽ ഭീതി പടർത്തി വിലസിയ ഒറ്റയാനെ വനത്തിലേക്ക് തുരത്തി. അഗസ്റ്റിൻ എന്ന കുങ്കിയാനയെ എത്തിച്ച് വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പത്തുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒറ്റയാനെ ഉൾക്കാട്ടിലേക്ക് തുരത്താനായത്. മേഖലയിൽ വൻതോതിൽ നാശം വിതച്ച ഒറ്റയാൻ തമിഴ്‌നാട്ടിൽ നിന്നുമെത്തിയതാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും വാച്ചർമാരും അടങ്ങുന്ന സംഘമാണ് കാടുകയറ്റൽ ദൗത്യം നിർവഹിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കുങ്കിയാനയെ കഞ്ചിക്കോട് ചുള്ളിമടയിൽ എത്തിച്ചത്. 

tRootC1469263">

അതിനു തുടർച്ചയായി ഇന്നലെ രാവിലെ ഏഴുമണിയോടെ അസീസി സ്‌കൂളിന് പുറക് വശത്ത് നിന്നും ഒറ്റയാനെ പടക്കം എറിഞ്ഞും ലോഞ്ചർ ഉപയോഗിച്ചും തുരത്തി തുടങ്ങി. ചുള്ളിമട സ്‌കൂൾ പരിസരത്തെ വനപ്രദേശത്തേക്ക് എത്തിച്ചു. തുടർന്ന് കഞ്ചിക്കോട് ബി റെയിൽ പാളം കടന്ന് കാട്ടിലേക്ക് കടത്താനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. എന്നാൽ 11 മണിയോടെ എ ലൈൻ പാളം മറികടന്ന ആന വീണ്ടും തിരികെ സ്‌കൂൾ ഭാഗത്തേക്ക് തന്നെയെത്തി. വീണ്ടും പടക്കം പൊട്ടിച്ചാണ് ആനയെ വൈകീട്ട് നാലുമണിയോടെ ബി ലൈൻ പാളത്തിനപ്പുറത്തെ വനം മേഖലയിലേക്ക് തുരത്തിയത്.

വാളയാർ നടുപ്പതി ഊര് വഴി തമിഴ്‌നാട്ടിലേക്ക് തന്നെ ആനയെ കടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ കുറേ ദിവസങ്ങളായി കഞ്ചിക്കോട്, ചുള്ളിമട, അസീസി സ്‌കൂൾ, കൊട്ടാമുട്ടി മേഖലകളിൽ ഒറ്റയാൻ സ്ഥിരമായി നാശം വിതച്ചിരുന്നു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, കർഷക സംഘം ജില്ലാ ട്രഷറർ എസ്. സുഭാഷ് ചന്ദ്രബോസ്, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസിന, സ്ഥിരം സമിതി ചെയർമാൻ പി. സുജിത്ത്, പഞ്ചായത്തംഗം കെ. സിദ്ധാർഥൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പലഘട്ടത്തിലും ആന പ്രകോപിതനായെങ്കിലും അക്രമാസക്തനാവാതിരുന്നത് ആശ്വാസകരമായി.

Tags