കൂടംകുളത്ത് നിന്നുള്ള വൈദ്യുതി എത്തിത്തുടങ്ങി ; കേരളത്തിലെ ലോഡ് ഷെഡ്ഡിംഗ് ഉടൻ അവസാനിക്കുമെന്ന് കെഎസ്ഇബി

Farmer dies of shock in Kondotti; Complaint that KSEB officials did not arrive despite being informed

 സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോഡ് ഷെഡ്ഡിംഗ് അധികനാൾ തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കൂടംകുളം ആണവനിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ അവിടെ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭ്യമായി തുടങ്ങിയതാണ് പ്രധാന ആശ്വാസം. കൂടാതെ, പവർ എക്സ്ചേഞ്ച് വഴി നേരത്തെയുള്ള കരാർ പ്രകാരം 150 മെഗാവാട്ട് വൈദ്യുതിയും ഇപ്പോൾ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. മെയ് ആദ്യവാരത്തോടെ അധികമായി ആവശ്യപ്പെട്ട 250 മെഗാവാട്ട് കൂടി ലഭ്യമാകുന്നതോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് ബോർഡ് വ്യക്തമാക്കി.

വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിലവിൽ അരമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം. എന്നാൽ, വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുൻകരുതലുകൾ എടുക്കുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടുവെന്ന് റെഗുലേറ്ററി കമ്മീഷൻ വിമർശിച്ചിരുന്നു. വൻവില കൊടുത്ത് വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും വിപണിയിൽ വൈദ്യുതി ലഭ്യത കുറവായതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഊർജ്ജ സെക്രട്ടറി പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിലവിലെ ഔദ്യോഗിക നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.

പ്രതിസന്ധി മറികടക്കാൻ വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിച്ചു. വൈകിട്ട് 6 മുതൽ 12 വരെയുള്ള പീക്ക് അവറിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. എസിയുടെ താപനില 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വൈദ്യുതി കേന്ദ്ര വിഹിതമായി ലഭിക്കുന്നതോടെ നിയന്ത്രണങ്ങളിൽ അയവു വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags