വൈദ്യുതി ഇടപാട്: സമഗ്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞുവീഴുന്നു

Electricity deal: Opposition leader Pinarayi Vijayan demands a comprehensive judicial investigation; Government's arguments fall apart

തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ട് ഭീഷണി ഉയർത്തി ദുരൂഹമായ കോടികളുടെ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് മറുപടി നൽകാതെ വാർത്താസമ്മേളനങ്ങളിൽ ഡയലോഗ് അടിച്ചാൽ ചെയ്ത തെറ്റുകൾ വെളുത്തുപോകില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഔദ്യോഗിക ഫയലുകളെ 'ടിഷ്യു പേപ്പർ' എന്ന് വിളിച്ച് അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ആവശ്യപ്പെടുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ അഴിമതി നടത്താനായിരുന്നു നീക്കം. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. എൻ.ടി.പി.സിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നിരിക്കെ, ജി.എൻ.എ പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് മുന്നിൽ വഴങ്ങി നിന്നത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്ിക്കുന്നത് അദൃശ്യ നിഴൽസംഘമാണെന്നും റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചുള്ള ഇത്തരം നടപടികൾ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ നിഗൂഢ നീക്കങ്ങളുടെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളുടെയും പൂർണ്ണ സത്യം പുറത്തുവരുന്നതുവരെ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും, വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Tags