വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം

d

ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയില്‍ തൊലി ഉരിഞ്ഞിരുന്നു

കോഴിക്കോട്: പാടത്ത് പണിക്കായി പോയ വയോധികനെ വയലില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദനെ (75) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം.  ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയില്‍ തൊലി ഉരിഞ്ഞിരുന്നു.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് വയലില്‍ ചന്ദന്‍ പണിയെടുക്കാനായി പോയത്. വൈകീട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മകന്‍ വിഷ്ണുദാസ് ബൈക്കില്‍ സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ മണ്ണെടുത്ത ഭാഗത്ത് ചന്ദനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.മരണകാരണം സൂര്യാതപമെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.

Tags